2009 മേയ് 30, ശനിയാഴ്‌ച

പ്രവാസികള്‍ ക്ക് പറയാനുള്ളത്

തുടക്കം;
പ്രവാസയാത്രക്ക് തുടക്കമാവുന്നത്
പ്രതീക്ഷയറ്റ കാത്തിരിപ്പിന്‍റെ
അന്ത്യനിമിഷം.
പുകയാത്ത അടുപ്പുകളില്‍
പ്രാരാബ്ധത്തിന്‍ കരിവിളയാട്ടം.
എങ്കിലും;
പലിശ തീറ്റിച്ച്,
കടം വാങ്ങി
ആഗ്രഹ സാഫല്യം.
വിട
പറയുമ്പോള്‍ വിതുമ്പുന്നു
ഇരുമനസ്സുകള്‍
എങ്കിലും
ആനന്ദാശ്രു മറുനയനങ്ങളില്‍.

പ്രവാസം;
നരകത്തീ പെയ്യുന്ന
പകലുകള്‍,
അംബര ചുംബിതന്‍
ഉച്ചിയില്‍ ,
മരണത്തിന്‍റെ
നൂലിഴയില്‍ ,
ഏതു നിമിഷാര്‍ ദ്ധത്തിലും
വീണുടയാവുന്ന സ്വപ്നങ്ങള്‍ .
തീവ്ര പരിശ്രമം പക്ഷേ
ലാഭം
നഷ്ടം മാത്രം.
കരവിരുതില്‍ രൂപമെടുക്കുന്നത്
മണിമന്ദിരങ്ങള്‍.
പക്ഷേ,
തല ചായ്ക്കുന്നത് ചാളകളില്‍ .
വെള്ള വലിച്ച ചുമരുകളില്‍
മുറുക്കാനിന്‍ ചുവപ്പും
നസ് വാറിന്‍ പച്ചയും.
പൊട്ടിയടര്‍ ന്ന ശൗചാലയങ്ങള്‍,
മനം പിരട്ടും ദുര്‍ ഗന്ധവും .
മഞ്ഞുറക്കുന്ന രാവുകള്‍,
ലഹരി പൂക്കുന്ന 'നീല' നിശകള്‍.
രകതമൂറ്റുന്ന ശയ്യകളില്‍
കൂട്ടിന് ,
ദീര്‍ ഘ നിശ്വാസങ്ങള്‍ മാത്രം.
ഒഴിവു വേളകളില്‍ രചിക്കുന്നു,
ബ്ളാങ്കറ്റ് വിപ്ളവ ഗാഥ .
നാട്ടിലേക്ക് വിളിക്കാറില്ല ,
കാരണം
വിളിക്കമ്പനികള്‍ തന്‍
കഴുത്തറപ്പന്‍ ചാര്‍ ജുകള്‍
നാട്ടില്‍ നിന്നുള്ള കത്തുകളില്‍
പരിദേവനങ്ങളുടെഭാണ്ഡക്കെട്ട് ,
ആവശ്യങ്ങളുടെ നീണ്ട നിര,
വിരഹത്തിന്‍റെ വേദന
കണ്ണീരി ന്‍റെ ഉപ്പും .

മടക്കം;
ഇനിയൊരു മടക്കത്തിന്,
ആഗ്രഹമില്ല.
കാരണം
ബാക്കിയുള്ളത്
രക്തത്തില്‍
'മധുരവും'
ഹൃദയത്തില്‍
'തടസ്സവും'
തീരാത്ത
ബാധ്യതകളും മാത്രം .
ഏവര്‍ ക്കും ഭാരമേകുവാന്‍
ഇനിയെന്തിനൊരു
മടക്കം?