2009 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

പ്രവാസം: ഒരു ഗാനം

പ്രവാസഭൂവില്‍ അന്നം തേടി എരിഞ്ഞു തീരുന്നു
പ്രയാസമേറും ജീവിതമിന്ന് കരഞ്ഞു തീര്‍ക്കുന്നു
പ്രകാശ പൂരിത ജീവിത സ്വപ്നം പടുത്തുയര്‍ത്തീടാന്‍
പ്രശാന്ത സുന്ദരമായൊരു നാട് വെടിഞ്ഞു വന്നു നാം.
നാടും വീടും കളകളമൊഴുകും തെളിനീരരുവികളും
കാടും തോടും ഹരിതവനങ്ങളും വെടിഞ്ഞിതാ നമ്മള്‍
ഊഷരമാമീ പ്രവാസഭൂവില്‍ വിയര്‍പ്പൊഴുക്കി നാം
ഉര്‍വ്വരമായൊരു ജീവിതവിജയം നേടിയെടുക്കുക നാം.
പവിത്രമായൊരു ദാമ്പത്യത്തിന്‍ സുവര്‍ണ നിമിഷങ്ങള്‍
വിനഷ്ടമാകും ഈ മരുഭൂവില്‍ അനര്‍ഘനിമിഷങ്ങള്‍.
കളങ്കമില്ലാ പിഞ്ചോമനതന്‍ കുരുന്നുചുണ്ടിന്മേല്‍
വിരിയും പുഞ്ചിരി നുണയാന്‍ ഭാഗ്യം ഇല്ല; നമ്മള്‍ക്കും.
അന്തസ്സുറ്റൊരു യൌവനമിവിടെ എരിഞ്ഞുതീരുമ്പോള്‍
ആരോഗ്യത്തിന്‍ വസന്തകാലം കൊഴിഞ്ഞുതീരുന്നു.
മടക്കയാത്രയിലൈശ്വര്യത്തിന്‍ മധു നിറച്ചീടാന്‍
മറക്കുകില്‍ നാം നഷ്ടം പേറും കരുതിയിരിക്കുക നാം.

2009 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

വരവെളിച്ചത്തിന്റെ രാവ്

റമദാന്‍;
ജാരാഗ്നി പേറുന്ന
ഏഴതന്‍ വേദന
കണ്ടറിയുന്നിതാ
മാലോകരൊക്കെയും.

അന്നവും പാനീയ
സംസര്‍ഗ്ഗ ശീലവും
പാടെ വെടിഞ്ഞിതാ
ദിവ്യമാം പകലിതില്‍

പുണ്യം വിളങ്ങുമീ
ഏകാന്ത രാവിതില്‍
സാംഷ്ടംഗം വീഴുന്നു
നാഥന്റെ മുമ്പിലും.

കാരുണ്യം വറ്റിയ
ലോകര്‍ക്ക് പാരിതില്‍
കാരുണ്യ സന്ദേശം
നല്‍കുന്നു നാഥനും.

പാപത്തിന്‍ പങ്കില
ജീവിതം മാറ്റുവാന്‍
പാപത്തിന്‍ മുക്തിയും
ഏകുന്നു, ഏകനും.

സന്മാര്‍ഗ ചാരികള്‍
പോരാട്ട ഭൂമിയില്‍
നേട്ടം വരിച്ചതും
ഓര്‍ക്കുന്നു ലോകവും.

നരകത്തിന്‍ മോചനം.
സ്വര്‍ഗത്തിന്‍ നേട്ടവും
ഏകിടും തമ്പുരാന്‍
ദിവ്യമാം രാത്രിയില്‍.

സന്മാര്‍ഗ ദീപ്തിയാം
വരവെളിച്ചത്തിന്‍
തേന്മഴ പെയ്യിച്ച
പുണ്യമാം രാവിതില്‍,

ആയിരം മാസത്തെ
കര്‍മ്മചൈതന്യവും
മാനവനേകുന്നു
കാരുണ്യവാനവന്‍.

അശ്രുകണങ്ങളാല്‍
നിറയുന്ന കണ്ണുകള്‍,
പ്രാര്‍ഥനാ നിര്‍ഭരം
നീറും മനസ്സുമായ്

നിന്റെ സമക്ഷത്തിങ്കല്‍
നില്‍കുമീ പാപിതന്‍
പാപം പൊറുത്തു നീ
രക്ഷിപ്പൂ എന്നെ നീ

2009 ജൂലൈ 30, വ്യാഴാഴ്‌ച

ഈയിടെയായി മാധ്യമങ്ങളീല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണു ആസിയാന്‍ കരാര്‍. നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ജൂലൈ ഇരുപത്തി നാലിനു ചേര്‍ന്ന മന്ത്രിസഭയില്‍ ആസിയാന്‍ കരാറില്‍ ഒപ്പിടാന്‍ തീരുമാനിച്ചു. കേരളത്തിലെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന കരാറാണിതെന്ന് പറയാതെ വയ്യ. രണ്ടായിരത്തി ഏഴില്‍ നിലവില്‍ വരാന്‍ പാകത്തില്‍ രണ്ടായിരത്തി മൂന്നില്‍ വാജ്പേയി സര്‍ക്കാരാണു ഈ സ്വതന്ത്ര വ്യാപാര കരട് കരാറില്‍ ഒപ്പിട്ടത്. ഈ കരാര്‍ നിലവില്‍ വരുന്നതോടു കൂടി കേരളീയ കര്‍ഷക സമൂഹത്തില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ ഒരു നീണ്ട നിര നാം കാണേണ്ടി വരും. ഈ അവസ്ഥ ഉമ്മന്‍ ചാണ്ടി, ആന്റണി ഭരണകാലത്ത് വയനാട്ടിലും മറ്റും ഉണ്ടായതിനേക്കാള്‍ ഭീകരമായിരിക്കും എന്നു സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
മുവ്വായിരത്തി അഞ്ഞൂറിലധികം വിദേശ ഉല്പന്നങ്ങള്‍ക്കായി നമ്മുടെ രാജ്യത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കുകയാണു ഈ കരാര്‍ കൊണ്ട് നമ്മുടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ ഉല്‍പന്നങ്ങളില്‍ മുന്നോറോളം തികച്ചും കാര്‍ഷികോല്‍പ്പന്നങ്ങളാണ്. അതു കൊണ്ടു തന്നെ കാര്‍ഷിക രംഗത്തെ നേരിട്ട് ആശ്രയിക്കുന്ന കേരളം പോലെയുള്ള സംസ്താനങ്ങളില്‍ ഈ കരാറിന്റെ ദൂ‍ഷ്യഫലങ്ങള്‍ വളരെ വലുതായിരിക്കും. ഇറക്കുമതി തീരുവ പടിപടിയായി കുറച്ച് കൊണ്ട് വന്ന് തീരെ ഇല്ലാതാക്കുക എന്നതാണ് ഈ കരാറിന്റെ ഉദ്ദേശം. കാലാവസ്താ സവിശേഷതകളാലും മറ്റും മലേഷ്യ, സിങ്കപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ ധാരാളമായി ഉല്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ വിലക്ക് നമ്മുടെ മാര്‍ക്കറ്റില്‍ എത്തിച്ചേരുന്നു. ഇതുവഴി നമ്മുടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ച വില ലഭിക്കാതെ വരുന്നു. ഇതു വഴി കര്‍ഷക കുടുംബങ്ങള്‍ കൂട്ട ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നു.
ഈ ഒരു അവസ്ഥയില്‍ നാം നമുക്ക് കഴിയുന്ന രീതിയില്‍ ഇതിനെതിരെ ശബ്ദിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം നമ്മുടെ നാട് കാത്തിരിക്കുന്നത് ഒരു വലിയ വിപത്തിനേയാണ് എന്ന് നാം മനസ്സിലാക്കുക.

2009 ജൂൺ 10, ബുധനാഴ്‌ച

യുവതയുടെ അവസ്ഥാന്തരങ്ങള്‍

ഇന്നലെ;
പ്രക്ഷുബ്ധ യൗവനം,
കാലത്തിന്‍റെ
ചുമരെഴുത്തുകളില്‍
ചെന്തീയാളിച്ച
വിപ്ലവാത്മക
സുവര്‍ണ കാലം.
അനീതിയുടെ
ആന്ധ്യം ബാധിച്ച
വൈതാളികരുടെ
പേടിസ്വപ്നം.
വിദേശിയില്‍ നിന്നു
സ്വദേശം മോചിതമായത്
ഈ കരുത്തിന്‍റെ
അനുഭവ സാക്ഷ്യം.

ഇന്നു;
നിശ്ശബ്ധ യൗവനം,
കാലത്തിന്റെ
ചവറ്റുകൊട്ടയില്‍
സുഖ സുഷുപ്തിയില്‍
ദിവാസ്വപ്നങ്ങളില്‍
അഭിരമിക്കുന്ന,
റിയാലിറ്റി ഷോകളില്‍
നിറഞ്ഞാടുന്ന,
ക്വട്ടേഷന്‍ സംഘങ്ങളില്‍
വിലസുന്ന,
അക്രമ യൗവനം.
ലഹരി പൂക്കുന്ന
കണ്ണുകളില്‍
അമ്മയും പെങ്ങളും
കേവലം സ്ത്രീകള്‍.
കൊള്ളയും കൊലയും
ജീവിതായോധന
മാര്‍ഗങ്ങള്‍.

നാളെ;
പ്രതീക്ഷിക്കുന്നത്
മൗഢ്യമാവില്ലെന്ന
പ്രതീക്ഷയില്‍ നിന്നാണ്
പ്രത്യാശയുടെ
പുതുനാമ്പുകള്‍
ഉദിച്ചുയരുന്നത്.
ചരിത്രത്തിന്റെ
ശേഷിപ്പുകള്‍
ഇനിയും
അസ്തമിക്കാത്ത
പുതു
യൗവനം
കാലത്തിന്റെ
ആവശ്യം.
ത്യാഗവും
നീതിയും
ധൈര്യവും
നെഞ്ചേറ്റുന്ന
പുതു യുവത
മര്‍ദ്ദിത
കോടിയുടെ
പ്രതീക്ഷ.





2009 മേയ് 30, ശനിയാഴ്‌ച

പ്രവാസികള്‍ ക്ക് പറയാനുള്ളത്

തുടക്കം;
പ്രവാസയാത്രക്ക് തുടക്കമാവുന്നത്
പ്രതീക്ഷയറ്റ കാത്തിരിപ്പിന്‍റെ
അന്ത്യനിമിഷം.
പുകയാത്ത അടുപ്പുകളില്‍
പ്രാരാബ്ധത്തിന്‍ കരിവിളയാട്ടം.
എങ്കിലും;
പലിശ തീറ്റിച്ച്,
കടം വാങ്ങി
ആഗ്രഹ സാഫല്യം.
വിട
പറയുമ്പോള്‍ വിതുമ്പുന്നു
ഇരുമനസ്സുകള്‍
എങ്കിലും
ആനന്ദാശ്രു മറുനയനങ്ങളില്‍.

പ്രവാസം;
നരകത്തീ പെയ്യുന്ന
പകലുകള്‍,
അംബര ചുംബിതന്‍
ഉച്ചിയില്‍ ,
മരണത്തിന്‍റെ
നൂലിഴയില്‍ ,
ഏതു നിമിഷാര്‍ ദ്ധത്തിലും
വീണുടയാവുന്ന സ്വപ്നങ്ങള്‍ .
തീവ്ര പരിശ്രമം പക്ഷേ
ലാഭം
നഷ്ടം മാത്രം.
കരവിരുതില്‍ രൂപമെടുക്കുന്നത്
മണിമന്ദിരങ്ങള്‍.
പക്ഷേ,
തല ചായ്ക്കുന്നത് ചാളകളില്‍ .
വെള്ള വലിച്ച ചുമരുകളില്‍
മുറുക്കാനിന്‍ ചുവപ്പും
നസ് വാറിന്‍ പച്ചയും.
പൊട്ടിയടര്‍ ന്ന ശൗചാലയങ്ങള്‍,
മനം പിരട്ടും ദുര്‍ ഗന്ധവും .
മഞ്ഞുറക്കുന്ന രാവുകള്‍,
ലഹരി പൂക്കുന്ന 'നീല' നിശകള്‍.
രകതമൂറ്റുന്ന ശയ്യകളില്‍
കൂട്ടിന് ,
ദീര്‍ ഘ നിശ്വാസങ്ങള്‍ മാത്രം.
ഒഴിവു വേളകളില്‍ രചിക്കുന്നു,
ബ്ളാങ്കറ്റ് വിപ്ളവ ഗാഥ .
നാട്ടിലേക്ക് വിളിക്കാറില്ല ,
കാരണം
വിളിക്കമ്പനികള്‍ തന്‍
കഴുത്തറപ്പന്‍ ചാര്‍ ജുകള്‍
നാട്ടില്‍ നിന്നുള്ള കത്തുകളില്‍
പരിദേവനങ്ങളുടെഭാണ്ഡക്കെട്ട് ,
ആവശ്യങ്ങളുടെ നീണ്ട നിര,
വിരഹത്തിന്‍റെ വേദന
കണ്ണീരി ന്‍റെ ഉപ്പും .

മടക്കം;
ഇനിയൊരു മടക്കത്തിന്,
ആഗ്രഹമില്ല.
കാരണം
ബാക്കിയുള്ളത്
രക്തത്തില്‍
'മധുരവും'
ഹൃദയത്തില്‍
'തടസ്സവും'
തീരാത്ത
ബാധ്യതകളും മാത്രം .
ഏവര്‍ ക്കും ഭാരമേകുവാന്‍
ഇനിയെന്തിനൊരു
മടക്കം?